07 October 2009

നഴ്‌സിങ് വിദ്യാര്‍ഥിനി മൂന്നാം നിലയില്‍നിന്ന് ചാടി മരിച്ചു

വെള്ളറട: കാരക്കോണം സി.എസ്.ഐ. മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ ജനറല്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഗ്രീഷ്മ (18) ഒ.പി. ബ്ലോക്കിന്റെ മൂന്നാംനിലയില്‍നിന്നും ചാടി ആത്മഹത്യചെയ്തു. കെട്ടിടത്തിനുമുകളില്‍നിന്ന്‌വീണ് ഗുരുതരമായി പരിക്കേറ്റ ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കീഴാറൂര്‍ കുക്കുറണി ഗ്രീഷ്മ നിവാസില്‍ ശശിധരന്റെയും ശോഭനയുടെയും മകളാണ് ഗ്രീഷ്മ. ചൊവ്വാഴ്ച വൈകീട്ട് 6.30-നായിരുന്നു സംഭവം. ദിവസങ്ങള്‍ക്കു മുന്‍പാണ് ക്ലാസ് ആരംഭിച്ചത്. ദിവസവും വൈകീട്ട് ആറിന് നടക്കുന്ന പ്രാര്‍ത്ഥനയില്‍ വിദ്യാര്‍ത്ഥിനിയെ കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ച കൂട്ടുകാരികളാണ് പരിക്കേറ്റ് നിലത്തുവീണ നിലയില്‍ കണ്ടത്.

എന്നാല്‍ ഇതിനുപിന്നില്‍ റാഗിങ് നടന്നിട്ടുണ്ടാകാമെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വണ്ടിത്തടം പത്രോസ് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം അവധി നല്‍കിയിരിക്കുകയാണെന്നും റാഗിങ് നടക്കുവാന്‍ യാതൊരു സാധ്യതയുമില്ലെന്നും മറ്റെന്തെങ്കിലും കാരണമാകാം ഇതിനുപിന്നിലെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.
റാഗിങ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതായി വെള്ളറട എസ്.ഐ. പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. ഡി.വിജയന്‍ കാരക്കോണം മെഡിക്കല്‍ കോളേജിലെത്തി അന്വേഷണം ആരംഭിച്ചു.കാരക്കോണം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ റാഗിങ്ങിന് വിധേയമാക്കിയതിന്റെ മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്നും പ്രതികളെ രക്ഷിക്കാനാണ് മാനേജ്‌മെന്റും കുറ്റക്കാരുടെ രക്ഷിതാക്കളും ശ്രമിക്കുന്നതെന്നും എസ്.എഫ്.ഐ. ആരോപിച്ചു.

Pathravarthakal

No comments:

Post a Comment

Welcome to E-Campuz