19 September 2009

ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്‌

ജറുസലേം: ഇന്ത്യയിലുടനീളം പാക് ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ മുംബൈ മാതൃകയിലുള്ള ഒട്ടേറെ ആക്രമണങ്ങള്‍ നടത്താനിടയുണ്ടെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്കി. മുംബൈ ഭികരാക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കറിന്റെ പ്രധാന ലക്ഷ്യം ജമ്മുകശ്മീരാണെന്ന് ഇസ്രായേല്‍ വിനോദസഞ്ചാരികള്‍ക്കുള്ള മുന്നറിയിപ്പില്‍ ഭീകര വിരുദ്ധ ബ്യൂറോ പറയുന്നു.

ആസന്നമായ ഭീകരാക്രമണങ്ങള്‍ സംബന്ധിച്ച് ലഭിച്ച വ്യക്തവും സുപ്രധാനവുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് ബ്യൂറോ എടുത്തുപറയുന്നുണ്ട്.

പാശ്ചാത്യ, ഇസ്രായേല്‍ വിനോദസഞ്ചാരികള്‍ അധികമുള്ള കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരിക്കും ആക്രമണങ്ങള്‍ എന്നതിനാല്‍ സുരക്ഷാസന്നാഹമില്ലാത്ത തിരക്കേറിയ പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നാണ് സഞ്ചാരികള്‍ക്കുള്ള നിര്‍ദേശം. ഇന്ത്യയിലുടനീളം ആക്രമണസാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലെടുക്കാനും ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ജൂതന്മാര്‍ പുതുവര്‍ഷാഘോഷത്തിനായി തയ്യാറെടുക്കുന്നതിനിടയിലാണ് പുതിയ മുന്നറിയിപ്പ് പുറത്തുവന്നത്. മുംബൈ ഭീകരാക്രമണത്തിനിടയില്‍ ജൂതഭവനങ്ങളെയും ഇസ്രായേലുകാരെയും പ്രത്യേകം ലക്ഷ്യമിട്ടിരുന്നു.

പാക് ഭീകരസംഘടന ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പിന് ഇസ്രായേലില്‍ വന്‍ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചത്. സബാത്ത് ഹൗസുകള്‍ പോലെയുള്ള ഇസ്രായേല്‍ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളതായി 'ജറുസലേം പോസ്റ്റി'ന്റെ വാര്‍ത്തയില്‍ പറയുന്നു. സബാത്ത് ഹൗസുകളെ ഭീകരര്‍ ലക്ഷ്യംവെക്കാന്‍ സാധ്യതയുണ്ടെന്ന് 'ദ ഹാരെറ്റ്‌സ്' ദിനപത്രവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

No comments:

Post a Comment

Welcome to E-Campuz